Genesi 15

Conta le stelle

1അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.” 2അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ വീടിന്‍റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു. 3“നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്‍റെ വീട്ടിൽ ജനിച്ച ദാസൻ എന്‍റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.

4അപ്പോൾ, യഹോവയുടെ അരുളപ്പാടു അവനു ഉണ്ടായതെന്തെന്നാൽ: “അവൻ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്‍റെ അവകാശിയാകും.” 5പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കല്പിച്ചു. “നിന്‍റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു. 6അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.

7പിന്നെ അവനോട്: “ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്നു അരുളിച്ചെയ്തു.

Il patto suggellato col fuoco

8“കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എങ്ങനെ അറിയാം?“ എന്നു അവൻ ചോദിച്ചു. 9അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു. 10ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.

11ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു. 12സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്‍റെമേൽ വീണു. 13അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് (400) വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക.

14എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും. 15നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോട് ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും. 16നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്നു അരുളിച്ചെയ്തു.

17സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു. 18ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു: “നിന്‍റെ സന്തതിക്ക് ഞാൻ മിസ്രയീം നദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള ഈ ദേശത്തെ, 19കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, 20പെരിസ്യർ, രെഫയീമ്യർ, അമോര്യർ, 21കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു” എന്നു അരുളിച്ചെയ്തു.

Copiato!
Aa