2 Kings 7

Flour will be cheap tomorrow

1അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ; നാളെ ഈ നേരത്തു ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കലിനു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 2രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിന്‍റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല” എന്നു പറഞ്ഞു.

The four lepers find the camp empty

3അന്നു കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽതമ്മിൽ: “നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്? 4പട്ടണത്തിൽ ചെന്നാൽ അവിടെ ക്ഷാമമായിരിക്കുകകൊണ്ട് നാം ചിലപ്പോൾ അവിടെവച്ച് മരിക്കും; ഇവിടെ ആയിരുന്നാലും മരിക്കും. അതുകൊണ്ട് വരിക, നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം അതിനും തയാറായിരിക്കണം” എന്നു പറഞ്ഞു. 5അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്‍റെ അടുത്ത് വന്നപ്പോൾ അവിടെ ആരെയും കണ്ടില്ല.

6കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽതമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽ രാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീം രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വിളിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 7അതുകൊണ്ട് അവർ സന്ധ്യാസമയത്തു തന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെല്ലാം പാളയത്തിൽ ഉപേക്ഷിച്ചു ജീവരക്ഷക്കായി ഓടിപ്പോയിരുന്നു. 8ആ കുഷ്ഠരോഗികൾ പാളയത്തിന്‍റെ സമീപം എത്തി ഒരു കൂടാരത്തിനകത്ത് കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്ന് മറ്റൊരു കൂടാരത്തിനകത്ത് കയറി അതിൽനിന്നും സാധനങ്ങൾ എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു.

9പിന്നെ അവർ തമ്മിൽതമ്മിൽ: “നാം ചെയ്യുന്നത് ശരിയല്ല; ഇന്ന് സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ വിവരം അറിയിക്കുക” എന്നു പറഞ്ഞു. 10അങ്ങനെ അവർ പട്ടണവാതില്‍ക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: “ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്‍റെ ശബ്ദം കേൾപ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്ന പോലെ നില്ക്കുന്നു; കൂടാരങ്ങളും അതുപോലെ തന്നെ ഇരിക്കുന്നു” എന്നു പറഞ്ഞു. 11അവൻ മറ്റ് കാവല്ക്കാരെ വിളിച്ചു; അവർ അകത്ത് രാജധാനിയിൽ അറിവുകൊടുത്തു.

12രാജാവ് രാത്രിയിൽ തന്നെ എഴുന്നേറ്റു ഭൃത്യന്മാരോട്: “അരാമ്യർ നമ്മോടു ചെയ്തത് എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവർക്ക് അറിയാം. ‘അവർ പട്ടണത്തിൽനിന്നു പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കുകയും പട്ടണത്തിൽ കടക്കുകയും ചെയ്യാം’ എന്ന ഉറപ്പോടെ അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു” എന്നു പറഞ്ഞു. 13അതിന് അവന്‍റെ ഭൃത്യന്മാരിൽ ഒരുവൻ: “പട്ടണത്തിൽ ശേഷിച്ച അഞ്ചു കുതിരകളെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഒന്നുകിൽ ഇവിടെ പാർത്ത്, ശേഷം യിസ്രായേൽ ജനത്തെപ്പോലെ ക്ഷാമംകൊണ്ട് മരിക്കും; അല്ലെങ്കിൽ അരാമ്യപാളയത്തിൽ വച്ചു നശിച്ച് പോകും” എന്നു ഉത്തരം പറഞ്ഞു. 14അങ്ങനെ അവർ കുതിരകളെ കെട്ടിയ രണ്ടു രഥങ്ങൾ കൊണ്ടുവന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്‍റെ പിന്നാലെ അയച്ചു: “നിങ്ങൾ ചെന്നു നോക്കുവിൻ” എന്നു കല്പിച്ചു.

15അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ പലായനം ചെയ്തപ്പോൾ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ടു വഴിയൊക്കെ നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.

The word is fulfilled

16അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു. 17രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം ധാന്യത്തിനായുള്ള തിരക്കിൽ അവനെ ചവിട്ടി കൊന്നുകളഞ്ഞു; രാജാവ് ദൈവപുരുഷന്‍റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയിരുന്നു. 18“നാളെ ഈ നേരത്തു ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് രണ്ടു സെയാ യവവും ശേക്കെലിനു ഒരു സെയാ ഗോതമ്പുമാവും വില്ക്കും” എന്നു ദൈവപുരുഷൻ രാജാവിനോട് പറഞ്ഞപ്പോൾ 19ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ?” എന്നുത്തരം പറഞ്ഞു. അതിന് അവൻ: “നിന്‍റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല” എന്നു പറഞ്ഞിരുന്നു.

20അപ്രകാരം തന്നെ അവനു ഭവിച്ചു; പടിവാതില്ക്കൽവച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.

Copied!
Aa