1 Kings 18

Elijah goes to meet Ahab

1വളരെനാൾ കഴിഞ്ഞ് മൂന്നാം വര്‍ഷത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്നു ആഹാബിന്‍റെ മുമ്പിൽ പ്രത്യക്ഷപ്പെടുക; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു” എന്നു പറഞ്ഞു. 2ഏലീയാവ് ആഹാബിന്‍റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി. അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു. 3ആഹാബ് തന്‍റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോടു വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു.

4ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ, ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു പോയി ഓരോ ഗുഹയിൽ അമ്പതുപേരെ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു. 5ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്നു നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടുമായിരിക്കും” എന്നു പറഞ്ഞു. 6ദേശത്തെ അവർ രണ്ടായി പകുത്തു; ഒരു ദിശയിലേക്കു ആഹാബും, മറ്റേ ദിശയിലേക്കു ഓബദ്യാവും യാത്രയായി.

7ഓബദ്യാവ് യാത്ര ചെയ്യുമ്പോൾ ഏലീയാവ് എതിരെ വരുന്നതു കണ്ടു; ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു സാഷ്ടാംഗം വീണു: “എന്‍റെ യജമാനനായ ഏലീയാവോ” എന്നു ചോദിച്ചു. 8അവൻ അവനോട്: “അതേ, ഞാൻ തന്നെ; നീ ചെന്നു ഏലീയാവ് ഇവിടെ ഉണ്ടെന്നു നിന്‍റെ യജമാനനെ അറിയിക്കുക” എന്നു പറഞ്ഞു. 9അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്‍റെ കയ്യിൽ ഏല്പിക്കുവാൻ അടിയൻ എന്തു പാപംചെയ്തു?

10നിന്‍റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്‍റെ യജമാനൻ ആളെ അയക്കാത്ത ജനതയോ രാജ്യമോ ഇല്ല; ‘നീ അവിടെ ഇല്ല’ എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജനതയെയും കൊണ്ടു ‘നിന്നെ കണ്ടിട്ടില്ല’ എന്നു സത്യംചെയ്യിച്ചു. 11ഇങ്ങനെയിരിക്കെ ‘ഏലീയാവ് ഇവിടെ ഉണ്ടെന്നു എന്‍റെ യജമാനനെ അറിയിക്ക’ എന്നു നീ കല്പിക്കുന്നുവല്ലോ. 12ഞാൻ നിന്നെ വിട്ടുപോയാൽ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ എടുത്തു ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടുപോകും; ഞാൻ ആഹാബിനോട് ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ വരികയും ചെയ്താൽ, അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.

13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നപ്പോൾ, ഞാൻ അവരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചതു യജമാനൻ അറിഞ്ഞിട്ടില്ലയോ? 14ഇപ്പോൾ നീ എന്നോട്: ‘ഏലീയാവ് ഇവിടെ ഉണ്ടെന്നു നിന്‍റെ യജമാനനെ അറിയിക്ക’ എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.” 15അതിന് ഏലീയാവ്: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് തീർച്ചയായും അവന്‍റെ മുൻപിൽ പ്രത്യക്ഷനാകും” എന്നു പറഞ്ഞു.

The contest on Mount Carmel

16അങ്ങനെ ഓബദ്യാവ് ആഹാബിനെ ചെന്നുകണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവിനെ കാണ്മാൻ ചെന്നു. 17ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ: “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ?” എന്നു ചോദിച്ചു. 18അതിന് ഏലിയാവ്: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, നീയും നിന്‍റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്യുന്നതുകൊണ്ടുതന്നെ.

19എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്‍റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്‍റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്‍റെ അടുക്കൽ കൂട്ടിവരുത്തുക.” 20അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ചു, ആ പ്രവാചകന്മാരെ കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തി. 21അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാല്‍ എങ്കിലോ അവനെ പിൻപറ്റുവിൻ” എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.

22പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്‍റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്. 23ഞങ്ങൾക്കു രണ്ടു കാളകളെ തരുവിൻ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം. 24നിങ്ങൾ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നെ ദൈവമായിരിക്കും.” അതിന് ജനം എല്ലാം: ‘അത് നല്ലകാര്യം തന്നെ’ എന്നു ഉത്തരം പറഞ്ഞു.

25പിന്നെ ഏലീയാവ് ബാലിന്‍റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്നു പറഞ്ഞു. 26അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. 27ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ, യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്നു പറഞ്ഞു.

28അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു. 29മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇതു തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല. 30അപ്പോൾ ഏലീയാവ്: “എന്‍റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും” പറഞ്ഞു. സർവ്വജനവും അവന്‍റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; 31“നിനക്കു യിസ്രായേൽ എന്നു പേരാകും“ എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് എടുത്തു; 32കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്‍റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി.

33പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; “നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ“ എന്നു പറഞ്ഞു. 34“രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെശേഷം: “മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. 35വെള്ളം യാഗപീഠത്തിന്‍റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു.

The fire falls

36വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. 37യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. 38ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

39ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു. 40ഏലീയാവ് അവരോട്: “ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്നു അവിടെവച്ചു കൊന്നുകളഞ്ഞു.

The sound of heavy rain

41പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്നു പറഞ്ഞു. 42ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്‍റെ മുകളിൽ കയറി മുഖം തന്‍റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു കുനിഞ്ഞിരുന്നു. 43അവൻ തന്‍റെ ബാല്യക്കാരനോട്: “നീ ചെന്നു കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: “ഒന്നും ഇല്ല” എന്നു പറഞ്ഞു. അതിന് അവൻ: “വീണ്ടും ചെല്ലുക” എന്നു ഏഴു പ്രാവശ്യം പറഞ്ഞു.

44ഏഴാം പ്രാവശ്യമോ അവൻ: “ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്‍റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “നീ ചെന്നു മഴ നിന്നെ തടഞ്ഞു നിർത്താതിരിക്കേണ്ടതിനു രഥം പൂട്ടി ഇറങ്ങിപ്പോകാൻ ആഹാബിനോട് പറയുക” എന്നു പറഞ്ഞു. 45ഉടനെ ആകാശം മേഘങ്ങൾ കൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി. 46എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി.

Copied!
Aa