시편 94
악인이 언제까지 개가를 부르리이까
1പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്ശിപ്പിക്കേണമേ. 2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ. 3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
4അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു. 5യഹോവേ, അവർ അങ്ങേയുടെ ജനത്തെ തകർത്തുകളയുന്നു; അങ്ങേയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. 6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.
7“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്നു അവർ പറയുന്നു. 8ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും? 9ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?
10ജനതകളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ? 11മനുഷ്യരുടെ വിചാരങ്ങൾ യഹോവ അറിയുന്നു അവ മായയെന്ന് അവിടുന്ന് അറിയുന്നു. 12യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിനു 13അങ്ങ് ശിക്ഷിക്കുകയും അങ്ങേയുടെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല. 15നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും; പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും. 16ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്ക് വേണ്ടി എഴുന്നേല്ക്കും? നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്ക് വേണ്ടി എതിർത്തുനില്ക്കും?
17യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു. 18“എന്റെ കാൽ വഴുതുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങേയുടെ ദയ എന്നെ താങ്ങി. 19എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ അങ്ങയിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന ദുഷ്ടസിംഹാസനത്തിന് അങ്ങേയോട് സഖ്യം ഉണ്ടാകുമോ? 21നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു; നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു. 22എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.
23ദൈവം അവരുടെ നീതികേട് കൊണ്ടു തന്നെ അവരുടെ മേൽ ശിക്ഷ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.