Isaías 64

Ah, se rasgasses os céus

1അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം അവിടുത്തെ നാമത്തെ അവിടുത്തെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ 2തീയിൽ ചുള്ളി കത്തുന്നതു പോലെയും തീകൊണ്ട് വെള്ളം തിളക്കുന്നതുപോലെയും മലകൾ അവിടുത്തെ മുമ്പിൽ ഉരുകിപ്പോകത്തക്കവിധം അവിടുന്ന് ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളാമായിരുന്നു! 3ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ അവിടുന്ന് പ്രവർത്തിച്ചപ്പോൾ അവിടുന്ന് ഇറങ്ങിവരുകയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകുകയും ചെയ്തുവല്ലോ.

4അവിടുന്നല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ട് കണ്ടിട്ടുമില്ല. 5സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ അവിടുന്ന് എതിരേല്ക്കുന്നു; അവർ അവിടുത്തെ വഴികളിൽ അവിടുത്തെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് അവിടുന്ന് കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? 6ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികൾ സകലവും കറപുരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.

7തിരുനാമത്തെ വിളിച്ചപേക്ഷിക്കുന്നവനും അവിടുത്തെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; തിരുമുഖം ഞങ്ങൾ കാണാത്തവിധം അവിടുന്ന് മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. 8എന്നാൽ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും അവിടുന്ന് ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും അവിടുത്തെ കൈപ്പണിയാകുന്നു; 9യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും അവിടുത്തെ ജനമല്ലയോ.

10അവിടുത്തെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. 11ഞങ്ങളുടെ പിതാക്കന്മാർ അവിടുത്തെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീയ്ക്ക് ഇരയായിത്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്ന സകലവും ശൂന്യമായി കിടക്കുന്നു. 12യഹോവേ, അവിടുന്ന് ഇതു കണ്ടു അടങ്ങിയിരിക്കുമോ? അവിടുന്ന് മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?

Copiado!
Aa